ഓസ്ട്രേലിയ-ചൈന വാണിജ്യത്തർക്കം: ചൈനീസ് തീരത്ത് കുടുങ്ങിയ കപ്പലുകളിൽ നിരവധി മലയാളികളും

News

Source: Supplied/Gaurav Singh

ഓസ്ട്രേലിയയിൽ നിന്നുള്ള കൽക്കരിയുമായി ചൈനീസ് തീരത്ത് മാസങ്ങളായി പിടിച്ചിട്ടിരിക്കുന്ന കപ്പലുകളിൽ മലയാളികളായ നിരവധി ജീവനക്കാരും കുടുങ്ങിക്കിടക്കുന്നു. ജീവനക്കാരിലൊരാൾ ആത്മഹത്യാ ശ്രമം നടത്തിയതായി MV അനസ്താഷ്യ എന്ന കപ്പലിൽ ഓഫീസറായ ഗൗരവ് സിംഗ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു.


ഓസ്ട്രേലിയയും ചൈനയും തമ്മിൽ മാസങ്ങളായി തുടരുന്ന വാണിജ്യതർക്കത്തിന്റെ പശ്ചാത്തലത്തിലാണ്, ഓസ്ട്രേലിയൻ കൽക്കരിയും കൊണ്ടുപോയ നിരവധി കപ്പലുകൾ പിടിച്ചിട്ടിരിക്കുന്നത്.

ഓസ്ട്രേലിയൻ കൽക്കരി കൊണ്ടുപോയ 74 കപ്പലുകൾ ഇങ്ങനെ കുടുങ്ങിക്കിടക്കുന്നതായാണ് പ്രമുഖ മാധ്യമമായ ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നത്.

ഇതിൽ ഇന്ത്യൻ ജീവനക്കാരുള്ള രണ്ടു കപ്പലുകൾ അഞ്ചു മാസത്തിലേറെയായി ചൈനീസ് തീരത്ത് കുടുങ്ങിക്കിടക്കുയാണ്.

ഇന്ത്യൻ കമ്പനിയായ ഗ്രേറ്റ് ഇസ്റ്റേൺ ഷിപ്പിംഗിന്റെ ഉടമസ്ഥതയിലുള്ള MV ജാഗ് ആനന്ദ് ആറ് മാസമായും, മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള MV അനസ്താഷ്യ അഞ്ച് മാസമായും ചൈനീസ് തീരത്ത് പിടിച്ചിട്ടിരിക്കുകയാണ്.

ഈ രണ്ടു കപ്പലുകളിലുമായി 39 ഇന്ത്യൻ നാവികരാണുള്ളത്. ജാഗ് ആനന്ദിൽ 23 പേരും, അനസ്താഷ്യയിൽ 16 പേരും.
MV Anastasia
MV അനസ്താഷ്യയിലെ ജീവനക്കാർ Source: Supplied
ഇതിൽ നിരവധി മലയാളികളും ഉൾപ്പെടുന്നതായി കപ്പൽ ജീവനക്കാർ എസ് ബി എസ് മലയാളത്തോട് പറഞ്ഞു.

MV അനസ്താഷ്യയിലെ ജീവനക്കാരിൽ നാലു പേർ മലയാളികളാണെന്ന് കപ്പലിൽ സെക്കന്റ് ഓഫീസറായ ഗൗരവ് സിംഗ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു.

കപ്പലിലെ സാഹചര്യങ്ങളെക്കുറിച്ചും, ചൈനീസ് അധികൃതരിൽ നിന്നുള്ള ഭീഷണിയെക്കുറിച്ചും ഗൗരവ് സിംഗ് എസ് ബി എസ് മലയാളത്തോട് സംസാരിച്ചത് ഇവിടെ കേൾക്കാം
LISTEN TO
Australia-China trade tensions: Many Indians in ships stranded off China's coasts image

ഓസ്ട്രേലിയ-ചൈന വാണിജ്യത്തർക്കം: ചൈനീസ് തീരത്ത് കുടുങ്ങിയ കപ്പലുകളിൽ നിരവധി മലയാളികളും

SBS Malayalam

03/01/202108:45
ചൈനയിലെ കഫോഡിയൻ തീരത്താണ് MV അനസ്താഷ്യ പിടിച്ചിട്ടിരിക്കുന്നത്.

ജൂലൈ 20ന് 90,000 മെട്രിക് ടൺ കൽക്കരിയുമായി ക്വീൻസ്ലാന്റിൽ നിന്ന് യാത്ര തിരിച്ച കപ്പൽ ഓഗസ്റ്റിലാണ് ചൈനയിലെത്തിയത്.

ഒരാഴ്ചയ്ക്കുള്ളിൽ കൽക്കരി ഇറക്കിയ ശേഷം തിരിച്ചുപോകാമെന്നായിരുന്നു അന്നത്തെ പദ്ധതിയെങ്കിലും, മാസങ്ങളായിട്ടും പുറത്തിറങ്ങാൻ പോലും നാവികർക്ക് കഴിഞ്ഞിട്ടില്ല.
MV Anastasia
Source: Supplied
ജീവനക്കാരിൽ നിരവധി പേർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലും, ഒരു തരത്തിലുള്ള സഹായവും ലഭിക്കുന്നില്ല.

ഒരാൾ മരണാസന്നനാകുന്നതുവരെ ആരോഗ്യസഹായം എത്തിക്കാനാവില്ല എന്നാണ് ഏജന്റ് അറിയിച്ചതെന്നും ഗൗരവ് സിംഗ് പറഞ്ഞു.

18 മാസത്തിലേറെയായി കടലിൽ തന്നെ കഴിയുകയാണ് പല നാവികരും. എപ്പോൾ കപ്പൽ വിടാൻ കഴിയുമെന്നും വീട്ടുകാരെ കാണാൻ കഴിയുമെന്നും ആർക്കും അറിയില്ല.

നാവികരിൽ ഒരാൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു. മരിച്ചു കഴിഞ്ഞാൽ മൃതദേഹമെങ്കിലും വീട്ടിലേക്ക് എത്തിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

കടലിൽ ഒഴുകുന്ന ഒരു ജയിലായി കപ്പൽ മാറിക്കഴിഞ്ഞെന്നാണ് ഗൗരവ് സിംഗ് എസ് ബി എസ് മലയാളത്തോട് പറഞ്ഞത്.
MV Anastasia
Source: Supplied
ഇപ്പോൾ നങ്കൂരമിട്ടിരിക്കുന്ന  സ്ഥലത്തു നിന്ന് കപ്പൽ നീങ്ങിയാൽ, കപ്പലിനെയും ജീവനക്കാരെയും ചൈനീസ് നാവികസേന കസ്റ്റഡിയിലെടുക്കും എന്നാണ് ഭീഷണിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നാവികരെ തിരിച്ചെത്തിക്കുന്നതിനെക്കുറിച്ച് ഇന്ത്യൻ സർക്കാർ ചൈനീസ് അധികൃതരുമായി ചർച്ചകൾ നടത്തുന്നുണ്ട്.

എന്നാൽ ഓസ്ട്രേലിയയുമായുള്ള വാണിജ്യതർക്കമല്ല ഈ കപ്പലുകൾ പിടിച്ചിടാൻ കാരണം എന്നാണ് ചൈനയുടെ ഔദ്യോഗിക പ്രതികരണം.

കൊവിഡ് നിയന്ത്രണങ്ങൾ മൂലമാണ് ജീവനക്കാർക്ക് പുറത്തിറങ്ങാൻ കഴിയാത്തത് എന്നാണ് ചൈനയുടെ വാദം.

എന്നാൽ, ഓസ്ട്രേലിയൻ കൽക്കരി കൊണ്ടുവരുന്ന കപ്പലുകൾ മാത്രമാണ് ഇത്തരത്തിൽ പിടിച്ചിട്ടിരിക്കുന്നതെന്നും, മറ്റെല്ലാ കപ്പലുകളും കാർഗോ ഇറക്കിയ ശേഷം തിരിച്ചുപോകുന്നുണ്ടെന്നും ഗൗരവ് സിംഗ് ചൂണ്ടിക്കാട്ടി. 

2020 പൂർണമായും കടലിലായിരുന്ന തങ്ങൾക്ക്, പുതുവർഷത്തിലെങ്കിലും കുടുംബത്തിനൊപ്പം ചേരാൻ കഴിയുമെന്ന സ്വപ്നത്തിലാണ് ഇവർ.   


Share